കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 27 മുതൽ രാജ്യവ്യാപക പ്രതിഷേധ സമരങ്ങൾക്ക് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്തു. വിളകൾക്ക് നാമമാത്രമായ പിന്തുണ വില മാത്രമാണ് വർധിപ്പിച്ചതെന്ന് ആരോപിച്ച എസ്‌കെഎം, കേന്ദ്ര സർക്കാരിന്റെ ഉത്തരവ് കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അറിയിച്ചു.
സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം എല്ലാ വിളകൾക്കും നിയമപരമായ താങ്ങുവില ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഈ ശുപാർശകൾ നടപ്പിലാക്കാത്തതിലൂടെ 2016 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്തെ കർഷകർക്ക് 27 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായും എസ്‌കെഎം ആരോപിച്ചു.
രാസവളങ്ങളുടെ വിലവർധന, വിത്ത് ബിൽ, കാർഷിക മേഖലയെ ബാധിക്കുന്ന മറ്റ് കേന്ദ്ര നയങ്ങൾ എന്നിവയ്ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് നേതാക്കൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും ദിവസങ്ങളിൽ വിവിധ രീതിയിലുള്ള സമരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ബിജെപി സർക്കാർ വീണ്ടും കർഷക-തൊഴിലാളി വിരുദ്ധ നയങ്ങൾ ശക്തമാക്കുകയാണെന്ന് എസ്‌കെഎം ആരോപിച്ചു. തൊഴിൽ കോഡുകളുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യൽ, വി.ബി.ജി.ആർ.എ.എം നടപ്പാക്കൽ, രാസവള വിലവർധന എന്നിവയെല്ലാം ഇതിന്റെ ഭാഗമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് നടന്ന ചരിത്രപ്രസിദ്ധമായ കർഷക സമരത്തിന് സമാനമായ രീതിയിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് എസ്‌കെഎം ആലോചിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിനായി ജൂൺ 17ന് എസ്‌കെഎം ദേശീയ കൗൺസിൽ യോഗം ചേരും. കൂടാതെ, ജൂലൈ 28ന് ഡൽഹിയിൽ ദേശീയ കൺവെൻഷനും സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു
മുംബൈയും അഹമ്മദാബാദും തമ്മിൽ സർവീസ് നടത്താനിരിക്കുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്റെ ഔദ്യോഗിക മാതൃകാ രൂപകൽപ്പന കേന്ദ്ര റെയിൽവേ മന്ത്രാലയം…
രാജ്യത്തുടനീളമുള്ള മെഡിക്കൽ പ്രവേശന പരീക്ഷയായ NEET 2026-നെ ചുറ്റിപ്പറ്റി വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. മേയ് 3-ന് നടന്ന NEET പരീക്ഷ…